രാഷ്ട്രീയം ജന സേവനത്തിനോ അതോ, സ്വാർത്ഥ താത്പര്യത്തിനോ ?
ഇന്ന് സ്വാർത്ഥ താത്പര്യത്തിനും നല്ലൊരു വിഭാഗത്തിന്റെ ജീവിത മാർഗ്ഗത്തിനുമായി മാറിയിരിക്കുന്നതായി കാണാം.
യഥാർത്ഥത്തിൽ രാഷ്ട്രത്തെ മറന്നു കൊണ്ടുള്ള ഒരു തത്വസംഹിതയാണ് ഇന്ന് രാഷ്ട്രീയമായി മാറിയിരിക്കുന്നത്.
ജനാധിപത്യത്തിൽ രാഷ്ട്രീയത്തിനുള്ള പങ്ക് ഏറെ വലുതാണെങ്കിലും അതിന്റെ സാംഗ്യത്വം വിശകലനം ചെയ്യുമ്പോൾ അതിലുണ്ടായ മൂല്യച്യുതി ഏറെ ദയനീയവും പരാജയവുമാണ്.
രാജഭരണ കാലത്ത് ഏക ഭരണ വ്യവസ്ഥയായിരുന്നെങ്കിലും നിരപേക്ഷമായ ഒരു വ്യവസ്ഥിതിയുണ്ടായിരുന്നു. രാജാവിന്റെ അല്ലെങ്കിൽ രാജ്ഞിയുടെ കല്പനയ്ക്കായിരുന്നു പ്രാധാന്യം. ആ പോയ കാലത്തിന്റെ വിസ്മൃതിയിൽ ജനങ്ങൾക്ക് അല്ലെങ്കിൽ പ്രജകൾക്ക് പല നിഷ്ക്കർഷതകളും ഉണ്ടായിരുന്നത് വാസ്തവമാണ്. എന്നിരുന്നാലും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഒരു കാലം വിഭാവന ചെയ്തിരുന്നു. നന്മകളെക്കാൾ ഏറെയും തിന്മകൾ അന്നുണ്ടായിരുന്നത് വിസ്മരിക്കുന്നില്ല.
ഭരണം രാഷ്ട്രീയമായി ജനാധിപത്യത്തിലേക്ക് മാറി. അതോടെ ജനാധിപത്യ ഭരണം വന്നു. പ്രത്യേകിച്ചും ഇന്ത്യയിൽ ആ വ്യവസ്ഥിതി അത്യുന്നതമായ ഒരു സംസ്ക്കാരത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.
ജനങ്ങൾ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികൾ രാജ്യം ഭരിക്കാൻ തയ്യാറാവുന്നു.
ജനങ്ങളുടെ സങ്കല്പങ്ങൾ, പ്രതീക്ഷകൾ എന്നു വേണ്ട എല്ലാത്തരം ജീവിതചര്യകളും സമ്പുഷ്ടമാക്കാൻ ജനപ്രതിനിധികൾ ബാധ്യസ്ഥമാകണമെന്ന് അർത്ഥം.
രാഷ്ട്രീയം പല ജാതികളുടെ വേർതിരിവ് പോലെ പല പാർട്ടികളായി. ഇപ്പോൾ ചെറുതും വലുതുമായ എത്രയെത്ര പാർട്ടികൾ ഇന്ത്യ എന്ന രാജ്യത്ത് ഉണ്ടെന്ന് തന്നെ പറയാൻ കഴിയാത്ത അവസ്ഥയിലായി. അണു വിഭജനം പോലെ പാർട്ടികളും വിഘടിക്കുന്നു. ഇവരെല്ലാം ജനങ്ങളെ സംരക്ഷിക്കാനെന്ന ആശയവുമായാണ് രംഗ പ്രവേശം.
ആര് നല്ലത് ചെയ്താലും എതിർ കക്ഷികൾ അതിനെ എതിർക്കും. അല്ലെങ്കിൽ തെറ്റായി വ്യാഖ്യാനിക്കും. അതിനെ ദുർ വ്യാഖ്യാനങ്ങൾ കൊണ്ട് മൂടും. ജനങ്ങളുടെ ” പൾസ് ” അറിയാവുന്ന രാഷ്ട്രീയ പ്രവർത്തകർ ജനങ്ങളിൽ വിഷം ” ഇൻജെക്ട് ” ചെയ്യും.
നല്ലൊരു ശതമാനം പേർ വിശ്വസിക്കും. അതാണ് ജനങ്ങളുടെ രീതി. കാരണം, ആകെ നോക്കുമ്പോൾ സാക്ഷരതയുള്ള ജനങ്ങളുടെ പോരായ്മയും അഭാവവുമാണ് അതിന് കാരണം. ഇത് രാഷ്ട്രീയക്കാർക്ക് നന്നായി മുതലെടുക്കാനും അറിയാം. ഈ മുതലെടുപ്പാണ് ഓരോ രാഷ്ട്രീയ പാർട്ടിയുടെയും മുഖ്യ അജന്റ.
കാരണം, ഭരണത്തിന്റെ സുഖം അത് അനുഭവിച്ചവനല്ലേ അറിയാനാവൂ.
അധികാരം പ്രത്യേകിച്ചും, രാഷ്ട്രീയത്തിന്റെ ഭ്രാന്തമായ സുഖലോലുപതയും തീഷ്ണമായ അനുഭൂതിയുമാണ് പകരുന്നത്!
