26.5 C
Kollam
Friday, December 13, 2024
HomeRegionalCulturalകേരള കലാമണ്ഡലത്തിൽ കഥകളിയിൽ പെൺകുട്ടികൾക്കും പഠിക്കാൻ അവസരം ഒരുക്കണം - ചവറ പാറുക്കുട്ടി

കേരള കലാമണ്ഡലത്തിൽ കഥകളിയിൽ പെൺകുട്ടികൾക്കും പഠിക്കാൻ അവസരം ഒരുക്കണം – ചവറ പാറുക്കുട്ടി

കേരള കലാമണ്ഡലത്തിൽ കഥകളിക്ക് പെൺകുട്ടികൾക്ക് പ്രവേശനം നൽകണമെന്ന് കേരള കലാമണ്ഡലം കലാരത്നം പുരസ്കാരം നേടിയ കഥകളി നടി ചവറ പാറുക്കുട്ടി.
കഥകളി ഒഴിച്ച് മറ്റെല്ലാ കോഴ്സുകൾക്കും കേരളകലാമണ്ഡലത്തിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകുമ്പോൾ, കഥകളിക്ക് നൽകാത്തത് ആക്ഷേപമാണെന്ന് ചവറ പാറുക്കുട്ടി പ്രതികരിച്ചു. ഓട്ടൻതുള്ളലിന് വരെ പ്രവേശനം നൽകുന്നു.പിന്നെ എന്തുകൊണ്ടാണ് കഥകളിക്ക് പ്രവേശനം നൽകാത്തത്? കലാമണ്ഡലം അധികൃതർ പറയുന്ന മറുപടിയോട് യോജിക്കാനാവില്ലെന്ന് പാറുക്കുട്ടി പറയുന്നു.
കഥകളി പഠിക്കുന്നവരുടെ ശരീരത്തിന് വഴക്കം ആവശ്യമാണ്. അതിന് ഉഴിച്ചിൽ വേണം. അത് ആശാന്മാരാണ് നിർവഹിക്കുന്നത്. പെൺകുട്ടികളുടെ കാര്യത്തിൽ അത് പ്രായോഗികമല്ലെന്ന് കലാമണ്ഡലം അധികൃതർ പറയുന്നു. എന്നാൽ, അതിനോട് യോജിക്കാനാവില്ലെന്ന് ചവറ പാറുക്കുട്ടി പറയുന്നു. ഇതിന്റെ പേരിൽ പെൺകുട്ടികളെ മാറ്റി നിർത്തുകയാണ് .എന്നാൽ, മെയ് വഴക്കത്തിന് ഉഴിച്ചിൽ നടത്താൻ വൈദഗ്ദ്യമുള്ള എത്രയോ സ്ത്രീകളാണ് ഇവിടെയുള്ളത്? അവരെ പ്രയോജനപ്പെടുത്താമല്ലോ?

53 വർഷം കഥകളിരംഗത്ത് ഉജ്ജലമായി തിളങ്ങിയ ചവറ പാറുക്കുട്ടിക്ക് കേരളകലാമണ്ഡലത്തിന്റെ അംഗീകാരം നന്നേ വൈകിയാണ് ലഭിക്കുന്നത്. ചവറ പാറുക്കുട്ടി ഏറ്റവും കൂടുതൽ വേഷമിടുന്നത് ദേവയാനിയായിട്ടാണ്. അഭിനയിക്കാൻ ഇഷ്ടപ്പെടുന്നതും ആ കഥാപാത്രത്തെയാണ്‌. അഭിനയ ജീവിതത്തിൽ ഇനി ശേഷിക്കുന്ന ഏറ്റവും ആഗ്രഹങ്ങളിൽ ഒന്നാണ് കത്തിവേഷം ചെയ്യുക എന്നത്.ആ ആഗ്രഹത്തിന് താമസിയാതെ സഫലീകരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാറുക്കുട്ടി. അരനൂറ്റാണ്ട് പിന്നിട്ട ഒരു കലാകാരിയെ പ്രത്യേകിച്ചും പെൺ സാന്നിദ്ധ്യം തീരെ കുറവായ കഥകളിയെന്ന അനുഷ്ഠാനകലയിൽ നിറസാന്നിധ്യം ആയിരുന്നിട്ടും വൈകിയെങ്കിലും കേരളകലാമണ്ഡലം കലാരത്നം നൽകി ആദരിച്ചതിൽ അഭിമാനിക്കാം!

- Advertisment -

Most Popular

- Advertisement -

Recent Comments