27.1 C
Kollam
Sunday, December 22, 2024
HomeRegionalCulturalഓട്ടിസം സപ്പോർട്ട് അവാർഡ്

ഓട്ടിസം സപ്പോർട്ട് അവാർഡ്

സെന്റർ ഫോർ ഓട്ടിസം ഇന്ത്യ ഏർപ്പെടുത്തിയ ഡോക്ടർ എ പി ജെ അബ്ദുൾ കലാം ഓട്ടിസം സപ്പോർട്ട് അവാർഡിന് സാമൂഹിക നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ , ഗായിക പത്മശ്രീ കെ എസ്‌ ചിത്ര , ഡോക്യൂമെന്ററി സംവിധായകൻ ബൈജുരാജ് ചേകവർ എന്നിവർ അർഹരായി . ലോക പ്രശസ്‌ത ആസ്ട്രേലിയൻ സംഗീതജ്ഞൻ അലക്‌സാണ്ടർ ബ്രിഗേർ , ജേക്കബ് ചെറിയാൻ ( ഓസ്കർ ഗ്രൂപ്പ് ചെയർമാൻ ) , റോസ്മേരി (സോഷ്യോ കൾച്ചറൽ എക്സ്ചേഞ്ച് ) എന്നിവർക്ക് സി എ ഐ സ്‌പെഷൽ അവാർഡ് നൽകും .

ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിന് നൽകിയ സംഭാവനകളെ പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് ജൂറി കമ്മിറ്റി അംഗങ്ങളായ മുൻ ഡി ജി പി ജേക്കബ് പുന്നൂസ് ( ജൂറി ചെയർമാൻ ) , ഫ്രാങ്ക് പി തോമസ് ( ഡയറക്ടർ & ബിസിനസ്സ് ഹെഡ് , ഏഷ്യനെറ്റ് ) ഡോക്ടർ മിനി കുര്യൻ ( ചെയർ പേഴ്സൺ സി എ ഐ ) എന്നിവർ അറിയിച്ചു .

പ്രമുഖ ശില്പി കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത വെങ്കല ശിൽപ്പവും പ്രശസ്തി പത്രവും സപ്തംബർ 25 ന് എറണാകുളം ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സിംഫണി നിശയിൽ വെച്ച് വിതരണം ചെയ്യും .

ലോക പ്രശസ്‌ത മ്യൂസിക് ബാൻഡായ ആസ്ട്രേലിയൻ വേൾഡ് ഓർക്കസ്ട്രയുടെ കീഴിൽ നൂറിലേറെ വിദേശ സംഗീതജ്ഞർ ലൈവ് സിംഫണി ഒരുക്കുന്ന പ്രൗഡ ഗംഭീരമായ ചടങ്ങിൽ ഡോക്ടർ എ പി ജെ അബ്ദുൾ കലാം ഫൗണ്ടേഷൻ പ്രതിനിധികൾ അടക്കം ഒട്ടേറെ പ്രമുഖർ പങ്കെടുക്കുന്നുണ്ട് .

കേരളത്തിൽ ആദ്യമായാണ് പൂർണ്ണമായും വിദേശികൾ നയിക്കുന്ന ഇത്തരമൊരു അപൂർവ്വ സംഗീത ആവിഷ്ക്കാരം നടക്കുന്നത് . ഉച്ചഭാഷിണി അടക്കമുള്ള യാതൊരു കൃത്രിമ ശബ്ദ സംവിധാനവും ഇല്ലാതെ സംഗീത ഉപകരണങ്ങളുടെ സ്വാഭാവിക ശബ്ദത്തിലാണ് സിംഫണി അരങ്ങേറുക . ഏഷ്യയിൽ തന്നെ ഇത്തരം പ്രോഗാമുകൾ ഒരുക്കാവുന്ന സൂക്ഷ്മ ശബ്ദ നിശബ്ദ നിയന്ത്രണമുള്ള ഹാളുകളിൽ പ്രധാനപ്പെട്ട ഒന്നാണ് ബോൾഗാട്ടിയിലെ ലുലു ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്റർ . ചാർട്ട് ചെയ്ത പ്രത്യേക വിമാനത്തിലാണ് സംഗീത സംഘം കൊച്ചിയിൽ എത്തുന്നത് .

മാസങ്ങൾക്ക് മുമ്പേ ഒരുക്കങ്ങൾ ആരംഭിച്ച ഈ സിംഫണി രാവിന്റെ ലാഭ വിഹിതം കേരളത്തിന്റെ പുനർനിർമ്മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് സെന്റർ ഫോർ ഓട്ടിസം ഇന്ത്യ ചെയർ പേഴ്സൺ ഡോക്ടർ മിനി കുര്യൻ അറിയിച്ചു .

- Advertisment -

Most Popular

- Advertisement -

Recent Comments