മതം മാറി ഹിന്ദുപെണ്‍കുട്ടി മുസ്ലിം പൗരനെ വിവാഹം ചെയ്തത് റദ്ദാക്കി പാക് കോടതി. 9-ാം ക്ലാസ് കാരിയായ മേഹക് കുമാരിയാണ് മതം മാറി വിവാഹം കഴിച്ചത്. പാകിസ്ഥാനിലെ സിന്ധി പ്രവിശ്യയിലാണ് സംഭവം. കഴിഞ്ഞമാസം ജനുവരി 15ന് അലി റാസ സോളങ്കി എന്ന വ്യക്തി മേഹക് കുമാരിയെ തട്ടിക്കൊണ്ട് പോയ ശേഷം വിവാഹം കഴിക്കുകയായിരുന്നു. ഏറെ നാളത്തെ അന്വേഷണത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായ സംഭവം വീട്ടുകാര്‍ അറിയുന്നത്. 15 വയസ്സാണ് തന്റെ മകള്‍ക്കുള്ളതെന്നും അതിനാല്‍ പ്രായ പൂര്‍ത്തിയാകാത്ത മകളുടെ വിവാഹം റദ്ദാക്കണമെന്ന പിതാവിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി വിവാഹം റദ്ദ് ചെയ്തത്. മതം മാറിയ പെണ്‍കുട്ടി മേഹക് അലീസ എന്ന പുതിയ പേരും സ്വീകരിച്ചിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് മേഹക് മതം മാറിയതെന്നും വിവാഹം കഴിച്ചതെന്നും വധൂവരന്‍മാര്‍ വാദിച്ചെങ്കിലും മേഹകിനു പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വിവാഹം അസാധുവാക്കുകയായിരുന്നു.