മലയാളികള്‍ക്ക് എന്നും ഹരവും, തുടിപ്പും, വിശ്വാസവും , അവരുടെ വികാരവുമാണ് രാമന്‍ എന്നു ഓമന പേരുള്ള അവരുടെ മാത്രം സ്വന്തം തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍. ഉത്സവങ്ങളില്‍ തിടമ്പേറ്റാന്‍ അവന്‍ ഉണ്ടെന്നറിഞ്ഞാല്‍ മതി ആന കമ്പക്കാര്‍ പാഞ്ഞെത്തും തങ്ങളുടെ ‘രാമനെ’ ഒരു നോക്ക് കാണാന്‍. ആനപ്രേമികള്‍ക്ക് എന്നും ആവേശമാണ് ഗജവീരന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍. ഭഗവതിയുടെ തിടമ്പെടുത്ത് തെക്കേ ഗോപുര നട തള്ളിത്തുറന്ന് പൂര വിളംബരം ചെയ്യുന്ന തെച്ചിക്കോട്ട് രാമചന്ദ്രന്‍ ചിലപ്പോള്‍ ഭഗവതിയുടെ തന്നെ വരപ്രസാദം നെറുകയില്‍ തൂവി നില്‍ക്കുന്നതായി തോന്നിയേക്കാം.
കേരളത്തില്‍ ജീവിച്ചിരിക്കുന്ന ആനകളില്‍ ഏറ്റവും തല പൊക്കമുള്ള ആന. മാത്രമല്ല ഫേസ് ബുക്ക് മുതല്‍ ഇന്‍സ്റ്റാ വരെ ലോകമെമ്പാടുമുള്ള ആനപ്രേമികള്‍ ഫാന്‍സ് അസോസിയേഷന്‍ ‘അല്ല ‘ഗ്രൂപ്പുകള്‍ തന്നെ രൂപീകരിച്ചിട്ടുള്ള ഗജരാജന്‍. ഇപ്പോള്‍ ഇവന്‍ വീണ്ടും വരുന്നു എന്ന സന്തോഷ വാര്‍ത്തയാണ് പുറത്തുവരുന്നത്. രാമചന്ദ്രന് എഴുനള്ളത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് കര്‍ശന ഉപാധികളോടെ നീക്കിയതോടെയാണ് വീണ്ടും തിടമ്പേറ്റാന്‍ തയ്യാറായി രാമന്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പടക്കം പൊട്ടിയ ശബ്ദം കേട്ട് വിരണ്ടോടിയ ആന രണ്ടു പേരെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ ആന പ്രേമികളുടെ പ്രതിഷേധം ശക്തമായതോടെ വിലക്ക് നീക്കാന്‍ അധികൃതര്‍ തയ്യാറാവുകയായിരുന്നു.