ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് രാജ്യത്തുടനീളമുള്ള എല്ലാ നിര്‍മ്മാണ കേന്ദ്രങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചു. കോവിഡ് കേസുകള്‍ ക്രമാധീതമായി ഉയരുന്ന സാഹചര്യത്തെ തുടര്‍ന്നാണ് ഹീറോ മോട്ടോര്‍ കോര്‍പ്പ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ജനങ്ങളുടെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്ത് ഗ്ലോബല്‍ പാര്‍ട്‌സ് സെന്റര്‍ ഉള്‍പ്പടെ ഇന്ത്യയില്‍ ഉടനീളമുള്ള നിര്‍മ്മാണ കേന്ദ്രങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് ഹീറോ അറിയിച്ചു.
ആവശ്യമായ അറ്റകുറ്റപ്പണികള്‍ നിര്‍മാണ പ്ലാന്റുകളില്‍ നടത്താന്‍ ഈ അടച്ചുപൂട്ടല്‍ ദിവസങ്ങള്‍ ഉപയോഗപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു. ഹ്രസ്വകാല അടച്ചുപൂട്ടലിന് ശേഷം എല്ലാ പ്ലാന്റുകളും നേരത്തേത് പോലെ പ്രവര്‍ത്തനമാരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഏപ്രില്‍ 22 മുതല്‍ മേയ് ഒന്ന് വരെയാണ് അടച്ചുപൂട്ടലുണ്ടാകുക.