സ്വാതന്ത്ര്യത്തിന്റെ 75-മത് വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോല്‍സവിന്റെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫ്രീഡം ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. മഹാത്മാഗാന്ധിയുടെ സന്ദര്‍ശനം കൊണ്ട് ചരിത്രപ്രസിദ്ധമായ കൊല്ലം പന്മന ആശ്രമത്തില്‍ ഗാന്ധി പീസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ഇന്ന് ഏകദിന ചലച്ചിത്രമേള നടത്തുന്നത്. മേളയുടെ ഉദ്ഘാടനം ഡോ.സുജിത്ത് വിജയന്‍ പിള്ള എം.എല്‍.എ നിര്‍വഹിക്കും. തുടര്‍ന്ന് ശ്യാം ബെനഗലിന്റെ ‘ദ മേക്കിംഗ് ഓഫ് മഹാത്മ’, കെന്‍ ലോച്ചിന്റെ ലാന്‍റ് ആന്‍റ് ഫ്രീഡം, അടൂര്‍ ഗോപാലകൃഷ്ണന്റെ ‘മതിലുകള്‍’ എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
രാവിലെ പത്തു മണിക്ക് ആശ്രമം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി ജി.ആര്‍. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് അംഗം എച്ച്.ഹന്‍സിയ, ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ളിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ അബ്ദുല്‍ റഷീദ്,ചലച്ചിത അക്കാദമി സെക്രട്ടറി സി.അജോയ്,താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.വിജയകുമാര്‍,
പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം വി പി ജയപ്രകാശ് മേനോൻ , കേരള യൂത്ത് പ്രൊമോഷന്‍ കൗണ്‍സിൽ ചെയർമാൻ സുമന്‍ജിത്ത് മിഷ, ആശ്രമം പ്രതിനിധി പന്മന മഞ്ജേഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
രാവിലെ 11 മണിക്ക് ‘ദ മേക്കിംഗ് ഓഫ് മഹാത്മ’യും ഉച്ചയ്ക്ക് രണ്ടു മണിക്ക് ‘ലാന്‍റ് ആന്‍റ് ഫ്രീഡ’വും 4.30ന് ‘മതിലുകളും’ പ്രദര്‍ശിപ്പിക്കും. ഒരു സാധാരണമനുഷ്യനില്‍ നിന്ന് മഹാത്മാവിലേക്ക് ഗാന്ധി മാറുന്നതിനിടയാക്കിയ ദക്ഷിണാഫ്രിക്കയിലെ സംഭവവികാസങ്ങളാണ് ‘മേക്കിംഗ് ഓഫ് മഹാത്മ’യില്‍ ബെനഗല്‍ അവതരിപ്പിക്കുന്നത്. സ്പാനിഷ് ആഭ്യന്തര യുദ്ധത്തില്‍ ഫാസിസത്തിനെതിരെ പടനയിക്കാനും രാജ്യത്തെ സ്വതന്ത്രമാക്കാനും പുറപ്പെട്ട ഒരു വിപ്ളവകാരിയുടെ കഥയാണ് ‘ലാന്‍റ് ആന്‍റ് ഫ്രീഡം’. ബ്രിട്ടീഷുകാര്‍ക്കെതിരെ എഴുതിയതിന്റെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ട വൈക്കം മുഹമ്മദ് ബഷീര്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് ഉന്നയിക്കുന്ന ചോദ്യങ്ങളാണ് ‘മതിലുക’ളുടെ ഇതിവൃത്തം.