കോവിഡ് രൂക്ഷമായി വ്യാപിക്കുന്നതിനിടയില്‍ മഹാരാഷ്ട്ര വിട്ടു പോയവരുടെ എണ്ണം 32 ലക്ഷത്തിലധികം. ലേബര്‍ കമ്മീഷണറും റെയില്‍വേ അധികൃതരും പുറത്ത് വിട്ട വിവരങ്ങളില്‍ 16 ലക്ഷത്തിലധികം പേരാണ് പൂനെ, സോളാപൂര്‍ തുടങ്ങിയ വിവിധ ജില്ലകളില്‍ നിന്നും 14 ലക്ഷത്തിലധികം പേര്‍ പശ്ചിമ റെയില്‍വേ റൂട്ടുകളില്‍ നിന്നും സ്വദേശങ്ങളിലേക്ക് മടങ്ങിയത്.
നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ മുംബൈ നഗരത്തില്‍നിന്നും ജന്മനാടുകളിലേക്ക് തിരികെ പോയി. അവധിക്കാലമായതിനാല്‍ സ്വന്തം നാടുകളിലേക്ക് പോയവരും ഇക്കൂട്ടത്തിലുണ്ടെന്ന് തൊഴില്‍ വകുപ്പ് വ്യക്തമാക്കി. ഇവരെല്ലാം ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റുകളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍.
ഏപ്രില്‍ 2021 മുതല്‍ 11 ലക്ഷത്തിലധികം പേര്‍ സംസ്ഥാനം വിട്ട് ഉത്തര്‍പ്രദേശിലേക്കും 4 ലക്ഷത്തിലധികം പേര്‍ ബിഹാറിലേക്കുമാണ് മടങ്ങി പോയത്. അതേസമയം, സംസ്ഥാനത്തെ ആയിരക്കണക്കിന് ഫാക്ടറികള്‍ 50 ശതമാനത്തോളം ജീവനക്കാരുമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പങ്കുവെച്ച വിവരങ്ങളില്‍ പറയുന്നു. കെട്ടിട നിര്‍മ്മാണ മേഖലയില്‍ 75 ശതമാനത്തോളം തൊഴിലാളികള്‍ ജോലി തുടരുന്നുണ്ട്.