ഇക്കുറി ചവറ നിയമ സഭാ മണ്ഡലം ആർക്കൊപ്പം എന്നത് തീർത്തും വിലയിരുത്തേണ്ട കാര്യമാണ്.തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കെ മണ്ഡലത്തിലെ ജനങ്ങൾ പിൻ തുണയ്ക്കുന്നത് എൽ ഡി എഫിനെയോ യു ഡി എഫിനെയോ അതോ എൻ ഡി എ യോ ?
കഴിഞ്ഞ തെരഞെടുപ്പിൽ വിജയിച്ചത് എൽ ഡി എഫ് സ്ഥാനാർഥിയായ അന്തരിച്ച എൻ . വിജയൻപിള്ളയായിരുന്നു യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ വിജയം രാഷ്ട്രീയമായിരുന്നില്ല .
നാട്ടുകാരുടെ സ്നേഹവും വാത്സല്യവും ഒക്കെയായ “വിജയണ്ണൻ ” എന്ന പ്രത്യേക വ്യക്തിത്വമായിരുന്നു. യു ഡി എഫിലെ എതിർ സ്ഥാനാർഥിയായ ഷിബു ബേബിജോണിനെ 6189 വോട്ടുകൾക്കാണ് വിജയൻപിള്ള പരാജയപ്പെടുത്തിയത്. വിജയൻപിള്ള മൊത്തത്തിൽ 64666 വോട്ടുകൾ നേടിയപ്പോൾ ഷിബു ബേബിജോൺ 58477 വോട്ടുകൾ നേടി .എൻ ഡി എ സ്ഥാനാർത്ഥിയായിരുന്ന എം.സുനിൽ 10276 വോട്ടുകളും കരസ്ഥമാക്കി.
വിജയൻപിള്ളയുടെ മരണത്തെ തുടർന്ന് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നില്ല .
യഥാർത്ഥത്തിൽ ചവറ നിയമ സഭാ മണ്ഡലം ഇപ്പോഴും ആർ എസ് പി യുടെ കുത്തക സീറ്റായാണ് കണക്കാക്കി വന്നത് അല്ലെങ്കിൽ വരുന്നത്.ഇടതു മുന്നണിയിലായിരുന്ന ആർ എസ് പി 2014 ൽ യു ഡി എഫിൽ ചേക്കേറി.ഈ സാഹചര്യത്തിലാണ് 2016 ലെ തെരഞ്ഞെടുപ്പിൽ ആർ എസ് പിയിൽ നിന്നും
വിജയൻ പിള്ള മണ്ഡലം എൽ ഡി എഫിനായി പിടിച്ചെടുക്കുന്നത്. ഇപ്പോൾ യു ഡി എഫിനായി ആർ എസ് പിയിലെ ഷിബു ബേബിജോൺ തന്നെയാണ് മത്സരിക്കുന്നത്. വിജയൻ പിള്ളയുടെ മരണത്തെ തുടർന്ന് തന്നെ ഷിബു ബേബിജോൺ സ്ഥാനാർത്ഥിയായി പ്രചരണം ആരംഭിച്ചിരുന്നു. എൽ ഡി എഫ് സ്ഥാനാർത്ഥിയായി വിജയൻപിള്ളയുടെ മകൻ ഡോ.സുജിത് വിജയനാണ് സ്വതന്ത്രനായി രംഗത്തുള്ളത്.
രാഷ്‌ടീയ പശ്ചാത്തലത്തിൽ ഡോ.സുജിത്തിന് കൂടുതൽ കടമ്പകൾ ചോദ്യചിഹ്നമാണെങ്കിലും പ്രചാരണത്തിന്റെ കാര്യത്തിൽ കുറവ് വരുത്തിയിട്ടില്ല. എൻ ഡി എ സ്ഥാനാർഥി സീരിയൽ നടനായ വിവേക് ഗോപനാണ് .അദ്ദേഹത്തിന്റെ ജനങളുടെ ഇടയിലുള്ള സാന്നിദ്ധ്യം സീരിയൽ നടൻ എന്ന കാഴ്ചപ്പാടിൽ മാത്രം ഒതുങ്ങുകയാണ്. എങ്കിലും വോട്ടിങ് ശതമാനത്തിൽ കഴിഞ്ഞ എൻ ഡി എ സ്ഥാനാർത്ഥിയെക്കാൾ കൂടുതൽ വോട്ടുകൾ നേടാനാകുമെന്ന പ്രതീക്ഷയിലാണ് .
ആകെക്കൂടി വിലയിരുത്തുമ്പോൾ കൊല്ലം ജില്ലയിൽ യു ഡി എഫിന് പ്രതീക്ഷ നൽകുന്ന ഒരു നിയമസഭാ മണ്ഡലമായി ചവറ മാറുമെന്നാണ് സമന്വയത്തിന്റെ വിലയിരുത്തൽ .
