നീലഗിരി ജില്ലയിലെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഊട്ടിയിലേക്ക് തമിഴ്‌നാട് സർക്കാർ പ്രവേശനമനുവദിച്ചു. ഈയടുത്താണ് സമയത്താണ് കോവിഡ് വ്യാപനം മൂലം ഊട്ടിയിലേക്കും പരിസര പ്രദേശങ്ങളിലേക്കുമുള്ള യാത്ര സർക്കാർ വിലക്കിയത്. കോവിഡ് കേസുകൾ കുറഞ്ഞതോടെ വീണ്ടും വിനോദസഞ്ചാരത്തിനുള്ള അവസരമൊരുങ്ങി. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഊട്ടി അന്നും ഇന്നും സാധാരണക്കാരുടെ സ്വിറ്റസർലൻഡാണ്. കേരള, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നും നീലഗിരി ജില്ലയിലേക്ക് കടക്കണമെങ്കിൽ യാത്രക്കാർ നിർബന്ധമായും ഇ-പാസും, ആർ.ടി.പി.സി.ആർ.നെഗറ്റീവ് സർട്ടിഫിക്കറ്റും കയ്യിൽ കരുതണം. വിവിധ സംസ്ഥാനങ്ങളിൽ നിന്നും നിരവധി പേർ ഊട്ടിയിലേക്ക് എത്തുന്നത് കോവിഡ് വ്യാപനത്തിനിടയാകുമെന്ന ആശങ്കയിലാണ് ഭരണകൂടം നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. കൂടാതെ നീലഗിരി സ്വദേശികൾ പുറത്ത് പോയി വരുമ്പോഴും നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നത് നിർബന്ധമാക്കിയിട്ടുണ്ട്. കേരളം തമിഴ്നാട് അതിർത്തിയിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
