ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്ര മന്ത്രി പൊന്‍രാധാകൃഷ്ണനോട് യതീഷ് ചന്ദ്ര ഐപിഎസ് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് ബിജെപി സംസ്ഥാന നേതൃത്വം നല്‍കിയ പരാതി കേന്ദ്രം തള്ളി. ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് അറിയിച്ചത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഒരു സ്വകാര്യ ചാനലാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശബരിമലയില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്.പി യതീഷ് ചന്ദ്ര മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷണനോട് അപമര്യാദയായി പെരുമാറി എന്നു ചൂണ്ടിക്കാട്ടി ഇയാള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ബിജെപി നേതാക്കളായ എ.എന്‍ രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വിവാദ സംഭവം സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് മാത്രമാണ് കേന്ദ്രം അന്നു നിലപാടെടുത്തത്. ഒന്‍പത് മാസങ്ങള്‍ക്കിപ്പുറം യതീഷ് ചന്ദ്രക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് വിവരാവകാശ രേഖപ്രകാരം ചോദ്യമുന്നയിച്ചപ്പോള്‍ ഇതു വരെയും നടപടിയൊന്നും സ്വീകരിച്ചില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഈ സാഹചര്യത്തില്‍ പരാതി തള്ളുകയാണ് എന്ന മറുപടി മാത്രമാണ് കേന്ദ്രം നല്‍കിയത്.
ശബരിമലയില്‍ യുവതി പ്രവേശനത്തിന് അനുകൂലമായി സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെ ബി.ജെ.പി സംസ്ഥാന നേതൃത്വം സംസ്ഥാനമൊട്ടാകെ സമരം നടത്തിയിരുന്നു. സമരം നേരിടുന്നതിന്റെ ഭാഗമായി പമ്പയിലും സമീപ പ്രദേശങ്ങളിലും സര്‍ക്കാര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അവിടെ എത്തിയ കേന്ദ്രമന്ത്രിയുടെ വാഹനം എസ്.പി യതീഷ് ചന്ദ്ര സുരക്ഷ ചുമതലയുടെ പേരില്‍ തടഞ്ഞതാണ് പിന്നീട് വിവാദമായത്.