സിംഗിള്‍ ഡ്യൂട്ടി പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും കെഎസ്ആര്‍ടിസി യൂണിയനുകളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായില്ല. മൂന്നുമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ എട്ട് മണിക്കൂര്‍ ഡ്യൂട്ടി മാത്രമേ അംഗീകരിക്കൂവെന്നും പണിമുടക്കില്‍ നിന്ന് പിന്നോട്ടില്ലെന്നും കോണ്‍ഗ്രസ് അനുകൂല പ്രതിപക്ഷ സംഘടനയായ ടിഡിഎഫ് അറിയിച്ചു. സിംഗിള്‍ ഡ്യൂട്ടി പരിഷ്‌ക്കരണ വിഷയത്തില്‍ മറ്റന്നാള്‍ മൂന്ന് മണിക്ക് വീണ്ടും ചര്‍ച്ച നടത്താനും തീരുമാനമായി.
അതേ സമയം, ആരോഗ്യപരമായ ചര്‍ച്ചയായിരുന്നു നടന്നതെന്നും, 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിയില്‍ വ്യാജ പ്രചരണമാണ് നക്കുന്നതെന്നുമാണ് സിഐടിയു പ്രതികരണം. ഓര്‍ഡിനറി ഷെഡ്യൂളുകള്‍ വര്‍ധിപ്പിച്ചു കൊണ്ടാണ് ഡ്യൂട്ടി പരിഷ്‌ക്കരണം നടപ്പാക്കുകയെന്നും സിഐടിയു പ്രതിനിധി വിശദീകരിച്ചു. ആഴ്ചയില്‍ 6 ദിവസവും 12 മണിക്കൂര്‍ സിംബിള്‍ ഡ്യൂട്ടി നടപ്പാക്കല്‍, അക്കൗണ്ട്‌സ് വിഭാഗം ജീവനക്കാരുടെ ഓഫീസ് സമയ മാറ്റം,ഓപ്പറേഷന്‍ വിഭാഗം ജീവനക്കാരുടെ കളക്ഷന്‍ ഇന്‍സെന്റീവ് പാറ്റേണ്‍ പരിഷ്‌കരണം അടക്കമുള്ള കാര്യങ്ങളാണ് ചര്‍ച്ചയായത്.
ഒക്ടോബര്‍ 1 മുതല്‍ ഘട്ടം ഭട്ടമായി പരിഷ്‌കരണ നടപടികള്‍ നടപ്പാക്കിത്തുടങ്ങാനാണ് മാനേജ്‌മെന്റ് തീരുമാനം.
എന്നാല്‍ സിഐടിയു ഒഴികെയുള്ള യൂണിയനുകള്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിയില്‍ അടക്കം പ്രത്യക്ഷമായി എതിര്‍പ്പ് അറിയിച്ചതോടെയാണ് പ്രതിസന്ധിയായത്. ഒക്ടോബര്‍ 1 മുതല്‍ കോണ്‍ഗ്രസ് അനുകൂല യൂണിയനായ ടിഡിഎഫ് അനിശ്ചിതകാല സമരം അടക്കം പ്രഖ്യാപിച്ച് മുന്നോട്ടു പോകുന്നതിനിടയിലാണ് ജീവനക്കാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ മാനേജ്‌മെന്റ് യോഗം വിളിച്ചത്. ഒന്നാം തീയതി മുതല്‍ സമരം നടത്തുമെന്ന് കാണിച്ചാണ് ടിഡിഎഫ് നോട്ടീസ് നല്‍കിയിട്ടുള്ളത്. സമരം അംഗീകരിക്കാനാവില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിട്ടുണ്ട്.