അർഹതാലിസ്റ്റിൽ സാങ്കേതികകാരണങ്ങളാൽ പെടാതെ പോയവരുടെ അർഹത പരിശോധിച്ച് വീട് നൽകാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലൈഫ് മിഷൻ വഴി രണ്ടു ലക്ഷം വീട് പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് പദ്ധതി വഴി വീട് നൽകുന്നത് ഇവിടെ പൂർണമാകുന്നില്ല. നേരത്തെ നിശ്ചയിച്ച അർഹതാ ലിസ്റ്റിൽപ്പെട്ടവരാണ് മൂന്നുഘട്ടങ്ങളായി ഉൾപ്പെട്ടത്. സാങ്കേതികപ്രശ്നങ്ങളാൽ ആ ഘട്ടത്തിൽ അർഹതാലിസ്റ്റിൽപ്പെടാത്തവരുണ്ട്. നാലരലക്ഷത്തിലേറെ പേർക്ക് വീടു ലഭിക്കുമ്പോൾ പിന്നീട് ചെറിയ സംഖ്യ മാത്രമേ വീട് ലഭിക്കാനുണ്ടാകൂ.
ഇങ്ങനെ വീണ്ടും അർഹതയുണ്ടോ എന്ന് പരിശോധിക്കാനുള്ള ഒരു പരിശോധനാ സംവിധാനം ഏർപ്പെടുത്തും. അർഹതയുള്ളവരുടെ ലിസ്റ്റ് തയാറാക്കുന്നതിനും ഭവനം നൽകുന്നതിനുമുള്ള നടപടി സർക്കാർ സ്വീകരിക്കും.