വസ്ത്ര വിപണി ലാഭം കൊയ്യുന്ന ദീപാവലി സീസണിലും ഇവിടെ നിന്നും അത്ര ശുഭ വാര്‍ത്തയല്ല കേള്‍ക്കുന്നത്. അടിവസ്ത്രങ്ങളുടെ വ്യാപാരം കുത്തനെ താഴേക്ക് പോവുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട് പുറത്തു വരുന്നത്. പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അടിവസ്ത്രങ്ങളുടെ വിപണി താഴേക്കാണെന്നാണ് കണക്കുകളും കമ്പനികളും സൂചിപ്പിക്കുന്നത്.
ഇത് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ വളരെയേറെ പിന്നോക്കമാണെന്ന് വ്യക്തമാക്കപ്പെടുകയാണ്. രാജ്യത്തെ പ്രമുഖ അടിവസ്ത്ര ബ്രാന്‍ഡുകളായ ലക്സ് കോസിയും, ഡോളറും, റൂപയുമൊക്കെ തന്നെ കനത്ത സാമ്പത്തിക നഷ്ടം നേരിടുകയാണ് . വിറ്റു വരവ് ഇല്ലാത്തതാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ജി.എസ്.ടി നടപ്പിലാക്കിയതും നോട്ടുനിരോധനത്തിനും പിന്നാലെ അടിവസ്ത്ര വിപണിയിലുള്ള ചെറുകിട, ലോക്കല്‍ റീട്ടെയ്ല്‍ ഷോപ്പുകളുടെ സാമ്പത്തീകാരോഗ്യം വളരെ ദയനീയാവസ്ഥയിലാണെന്ന് നിര്‍മ്മാതാക്കളും വിദഗ്ധരും അഭിപ്രായപ്പെടുന്നു.
ഇതോടെ ഇതര ബ്രാന്‍ഡുകളുടെ വില്‍പനക്കാരായ ലോക്കല്‍ ഷോപ്പുകള്‍ അടിവസ്ത്രങ്ങള്‍ വ്യാപകമായി വാങ്ങി സൂക്ഷിക്കുന്നതില്‍നിന്നും വിട്ടുനില്‍ക്കുകയാണ്. ഇവര്‍ കമ്പനികള്‍ക്ക് പണം രൊക്കമായി കൊടുക്കാത്തതിനാല്‍ അത് നിര്‍മ്മാതാക്കളുടെ മൂലധനത്തെ ബാധിക്കുകയും ചെയ്യുന്നുണ്ട്.
രാജ്യത്ത് ഒരു ലക്ഷത്തിലധികം മള്‍ട്ടി ബ്രാന്‍ഡ് ഔട്ട്ലറ്റുകളാണുള്ളത്. ഇവയിലൂടെയാണ് ആകെ അടിവസ്ത്ര വിപണനത്തിന്റെ 60 ശതമാനവും സാധ്യമാവുന്നത്. ബാക്കിയുള്ള 40 ശതമാനം മാത്രമാണ് ഓണ്‍ലൈനായും ഷോപ്പിങ് മാളുകളിലൂടെയും മറ്റും വിറ്റുപോവുന്നത്. എന്നാല്‍ സാമ്പത്തിക മാന്ദ്യം കടന്നു വന്നതോടെ അടിവസ്ത്ര വിപണി കടകെണിയില്‍ ആയിരിക്കുകയാണ്. തങ്ങളെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നതാണ് ഇവരുടെ ആവശ്യം.