ആറാട്ടുപുഴ പെരുമ്പള്ളിയിലും നല്ലണിക്കലുമായി കൂറ്റൻ തിമിംഗലത്തിന്റെ ശരീരവശിഷ്‌ടങ്ങൾ തീരത്തടിഞ്ഞു. തിങ്കളാഴ്‌ച രാവിലെ 10.30ഓടെയാണ് ഉദ്ദേശം ഒരാഴ്‌ചയോളം പഴക്കമുള്ള തിമിംഗലാവശിഷ്ടം അടിഞ്ഞത്. ഉടലും വാൽ ഭാഗവും വേർപെട്ട നിലയിലാണ്. സംരക്ഷിത ഇനമായ ഫൈൻ വെയിൽ തിമിംഗലത്തിന്റെ ശരീരഭാഗമാണ് ഇതെന്ന് റാന്നി ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീഷ് പറഞ്ഞു. വയർ ഭാഗം നഷ്‌ടപ്പെട്ടതിനാൽ പോസ്റ്റ്മോർട്ടം ചെയ്യാനാകാത്ത സ്ഥിതിയായിരുന്നുവെന്ന് ആറാട്ടുപുഴ മൃഗാശുപത്രിയിലെ ഡോക്‌ടർ ബിനിൽ പറഞ്ഞു. തീരത്ത് അഴുകിയ ഭാഗങ്ങൾ അടിഞ്ഞതോടെ അസഹനീയമായ ദുർഗന്ധമായിരുന്നു. ജെസിബി ഉപയോഗിച്ച് ആറാട്ടുപുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അവശിഷ്ടങ്ങൾ തീരത്തുതന്നെ സംസ്‌കരിച്ചു.