വൃശ്ചിക മാസത്തിലെ മണ്ഡലകാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പമ്പയില്‍ ഇക്കുറിയും പഴയ പടി തന്നെ. മണല്‍ കയറി നികന്ന പമ്പയാറിനെ പൂര്‍വ സ്ഥിതിയിലെത്തിക്കാന്‍ ഇതുവരെ നടപടികള്‍ എങ്ങുമെത്തിയിട്ടില്ല മൈനര്‍ ഇറിഗേഷന്‍ വകുപ്പിനാണ് ചുമതല. വെള്ളം തടഞ്ഞുനിറുത്തുന്നതിനുള്ള തടയണകളുടെ നിര്‍മ്മാണം പ്രാരംഭ ദിശയിലാണ്.
നദിയോട് ചേര്‍ന്ന് റോഡിന്റെ ഭാഗത്തെ സംരക്ഷണഭിത്തി തകര്‍ന്ന് പോയിരുന്നു. ഇത് കഴിഞ്ഞ സീസണില്‍ മണല്‍ചാക്ക് അടുക്കിയാണ് സംരക്ഷിച്ചത്. ഈ സ്ഥാനത്ത് 284 മീറ്റര്‍ നീളത്തിലും 7 മീറ്റര്‍ ഉയരത്തിലും ചരിച്ച് നിര്‍മ്മിക്കുന്ന സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം സീസണ് മുന്‍പ് പൂര്‍ത്തീകരിക്കുന്നതിനുള്ള പണികളും ഇഴഞ്ഞ് നീങ്ങിയെങ്കിലും സീസണ്‍ തുടങ്ങാറായതോടെ കാര്യങ്ങള്‍ ദ്രുതഗതിയില്‍ നടത്തിവരികയാണ്. എന്നാല്‍ നദിയുടെ ആഴം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതി ഉരുളന്‍ കല്ലുകള്‍ വന്നടിഞ്ഞതിനാല്‍ നടപ്പാക്കാനായിട്ടില്ല. 1.3 കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി തയാറാക്കിയിരുന്നത്.
മണല്‍ കയറി കുന്നുകൂടി വികൃതമായ മണപ്പുറം ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നദിയിലേക്കുള്ള പടിക്കെട്ടുകളുടെ എണ്ണം 13 ആക്കി ഉയര്‍ത്തിയാണ് മണപ്പുറം നിരപ്പാക്കിയത്. പമ്പയില്‍ സ്ത്രീകള്‍ക്കായി 64 മുറികളുള്ള പുതിയ ടോയ്ലെറ്റ് ബ്ലോക്കിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്നു. മൂന്ന് ബ്ലോക്കുകളിലായി ഉണ്ടായിരുന്ന 279 ടോയ്‌ലെറ്റുകളുടെ അറ്റകുറ്റപ്പണികളും പൂര്‍ത്തയാക്കി. ത്രിവേണി കൊച്ചു പാലം മുതല്‍ ഗണപതി ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ട് വരെ താത്കാലിക നടപ്പന്തലും ത്രിവേണി വലിയ പാലം മുതല്‍ കൊച്ചു പാലം വരെ നദിക്കരയില്‍ താത്കാലിക വിരിഷെഡും നിര്‍മ്മിക്കുന്നതിന് ഇ – ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ആരും ക്വട്ടേഷന്‍ നല്‍കാത്തതിനാല്‍ ആ പണികളും തുടങ്ങിവെച്ചിട്ടില്ല. പ്രളയത്തില്‍ തകര്‍ന്ന ആറാട്ടുകടവ് പുനര്‍നിര്‍മ്മാണവും ഇതുവരെ നടപ്പായിട്ടില്ല. ചുരുക്കത്തില്‍ പമ്പയില്‍ ഇക്കുറിയും തീര്‍ത്ഥാടകര്‍ എത്തുന്നത് അസൗകര്യങ്ങളുടെ നടുവിലേക്കാവുമെന്നത് പറയാതെ വയ്യ. മാത്രമല്ല ശബരീശ സന്നിധിയില്‍ എത്താന്‍ അയ്യപ്പന്‍മാര്‍ നന്നായി വിയര്‍ക്കുകയും ചെയ്യും.