യുക്രൈൻ:യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് നേരെ കഴിഞ്ഞ ദിവസം രാത്രിയില്‍ റഷ്യ വീണ്ടും ഷെല്ലാക്രമണം നടത്തിയെന്ന് യുക്രൈന്‍ ആരോപിച്ചു. റഷ്യ ഉയര്‍ത്തുന്ന ‘ആണവ ഭീകരത’യ്ക്ക് പുതിയ അന്താരാഷ്ട്ര ഉപരോധം കൊണ്ട് വരണമെന്നും യുക്രൈന്‍ ആവശ്യപ്പെട്ടു. റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഒരു യുക്രൈന്‍ ജീവനക്കാരന് പരിക്കേറ്റു.
വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.കഴിഞ്ഞ ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യയുടെ യുക്രൈന്‍ അധിനിവേശം ആറാം മാസത്തിലേക്ക് കടന്നിട്ടും എടുത്ത് പറയത്തക്ക വിജയമൊന്നും ലോകത്തിലെ സൈനിക ശക്തിയില്‍ രണ്ടാമതുള്ള റഷ്യയ്ക്ക് നേടാനായിട്ടില്ല. 2014 ലെ ക്രിമിയന്‍ യുദ്ധാനന്തരം യുക്രൈന്‍റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ശക്തി പ്രാപിച്ച റഷ്യന്‍ വിമത പ്രദേശങ്ങള്‍ ബോംബാക്രമണത്തില്‍ നിശേഷം തകര്‍ക്കാന്‍ മാത്രമാണ് റഷ്യന്‍ സൈന്യത്തിന് കഴിഞ്ഞിട്ടുള്ളത്.
ഇവിടങ്ങളിലെല്ലാം യുക്രൈന്‍ സൈന്യവും യുക്രൈന് വേണ്ടി പോരാടുന്ന കൂലിപ്പട്ടാളത്തോടും ഒപ്പം ജനങ്ങളും ഗറില്ലാ യുദ്ധമുഖത്താണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് ഫെബ്രുവരിയിലെ ആദ്യ മുന്നേറ്റക്കാലത്ത് തന്നെ റഷ്യന്‍ സൈന്യം കീഴടക്കിയ ഡിനിപ്രോ നദി തീരത്തെ സപ്പോരിജിയ ആണവ നിലയത്തിലേക്ക് റഷ്യന്‍ സൈന്യം വീണ്ടും ഷെല്ലാക്രമണം നടത്തിയതായി യുക്രൈന്‍ ആരോപിച്ചത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയങ്ങളിലൊന്നാണ് ഇത്.
ആണവനിലയം യുദ്ധ മുഖത്താണ് നില്‍ക്കുന്നതെന്നും ഇരുരാഷ്ട്രങ്ങളും ആണവനിലയത്തിന് നേര്‍ക്കുള്ള ഭീഷണി ഒഴിവാക്കണമെന്നും നേരത്തെ യുഎന്‍ ആണവ ഏജന്‍സി മേധാവി റാഫേൽ ഗ്രോസി ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് റഷ്യന്‍ ഷെല്ലുകള്‍ ആണവനിലയത്തില്‍ പതിച്ചത്.




















