സിപിഐ എറണാകുളം ജില്ലാ കൗണ്‍സില്‍ കാനം പക്ഷം പിടിച്ചെടുത്തു. ജില്ലാ സമ്മേളനം പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ച സമയം ഇന്നലെ അവസാനിച്ചെങ്കിലും ഇന്ന് വൈകിട്ട് വരെ മത്സരവും അനിശ്ചിതത്വവും നീണ്ടുനിന്നു. ജില്ലാ സെക്രട്ടറി ആയി കാനം പക്ഷത്തെ കെഎന്‍ ദിനകരനെ തിരെഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി സ്ഥാനം വോട്ടെടുപ്പിലൂടെ ആണ് നിശ്ചയിച്ചത്.
ഔദ്യോഗിക സ്ഥാനാര്‍ഥി കെഎന്‍ സുഗതനെ 5 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ദിനകരന്‍ തോല്‍പ്പിച്ചത്. 28 വോട്ട് ദിനകരന്‍ നേടിയപ്പോള്‍ സുഗതന് 23 വോട്ട് മാത്രമാണ് ലഭിച്ചത്. ജില്ലാ കൗണ്‍സിലിനും കാനം പക്ഷത്തിനാണ് ഭൂരിപക്ഷം.അതേസമയം സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി ആയി കെ സലിം കുമാറിനെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു.
അന്‍പത് അംഗ ജില്ല കൗണ്‍സിലില്‍ 43 വോട്ടുകള്‍ നേടിയാണ് സലിം കുമാര്‍ ജയിച്ചത്. സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ച മുന്‍ എം.എല്‍.എ ഇ.എസ് ബിജി മോള്‍ക്ക് ഏഴു പേരുടെ പിന്തുണ മാത്രമാണ് കിട്ടിത്. സംസ്ഥാനത്ത് ഒരു വനിത ജില്ലാ സെക്രട്ടറി വേണമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബിജിമോളുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടത്. ഭൂരിപക്ഷം പേരും ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് നിലവില്‍ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ സലിംകുമാറിന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇരുവരും പിന്മാറാതെ വന്നതോടെയാണ് വോട്ടെടുപ്പ് നടന്നത്.