ഐ എസ് എല്‍ ക്ലബ് എഫ് സി ഗോവയുടെ പരിശീലകനാകാന്‍ ലൊബേരയ്ക്ക് പകരം താല്പര്യമുണ്ടെന്ന് അറിയിച്ചു വന്ന അപേക്ഷകള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ക്ലബ് അധികൃതര്‍. 37 അപേക്ഷകരാണ് ഇപ്പോള്‍ രംഗത്തുള്ളത്. എന്നാല്‍ ബ്രസീല്‍ ഇതിഹാസം ദുംഗയടക്കമുള്ളവരാണ് ലിസ്റ്റില്‍ ഉള്ളതെന്നാണ് ഫുട്‌ബോള്‍ കായിക ലോകത്തെ ഞെട്ടിക്കുന്നത്. ഇന്ത്യന്‍ ഫുട്ബോള്‍ നന്നായി പിന്തുടരുന്ന ദുംഗയ്ക്ക് ഗോവയെ പരിശീലിപ്പിക്കാന്‍ ആഗ്രഹമുണ്ട് എന്ന് വ്യക്തമാക്കിയാണ് കത്ത് നല്‍കിയിരിക്കുന്നത്.
ബ്രസീലിനെ ലോകകപ്പില്‍ നയിച്ച് കിരീടം നേടിക്കൊടുത്തിട്ടുള്ള ദുംഗ മുമ്പ് പരിശീലകനായും ബ്രസീലിനൊപ്പം തിളങ്ങിയിരുന്നു. അവസാനം 2014 ലോകകപ്പില്‍ ആയിരുന്നു ദുംഗ ബ്രസീലിന്റെ അമരക്കാരനായുണ്ടായിരുന്നത് . മുമ്പ് ബ്രസീല്‍ ഇതിഹാസം സികോ ഗോവയുടെ പരിശീലകനായി എത്തിയിരുന്നു. ദുംഗയെ കൂടാതെ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ജാപ് സ്റ്റാം, ഡച്ച് പരിശീലകന്‍ ഹിഡിങ്ക്, മുന്‍ ഇംഗ്ലീഷ് കോച്ച് എറിക്സണ്‍, മുന്‍ റയല്‍ മാഡ്രിഡ് താരം ഫെര്‍ണാണ്ടോ ഹിയെറോ എന്നിങ്ങനെ നിരവധി താരങ്ങളാണ് ഗോവയെ പരിശീലിപ്പിക്കാന്‍ സമ്മതമറിയിച്ച് അപേക്ഷകള്‍ നല്‍കിയിരിക്കുന്നത്. അപേക്ഷകരുമായി അഭിമുഖം നടത്തിയ ശേഷം മാത്രമാകും ആരെ പരിശീലകനാക്കണം എന്ന കാര്യത്തില്‍ ഗോവ അന്തിമ തീരുമാനത്തിലെത്തുക.