ഡിസംബർ 30 മുതൽ ജനുവരി 2 വരെ സംസ്ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു.ഒമിക്രോൺ കേസുകൾ ഉൾപ്പെടെ വർധിക്കുന്ന സാഹചര്യത്തിലാണ്നടപടി. രാത്രി 10 മുതൽ പുലർച്ചെ 5 വരെയാണ് നിയന്ത്രണം. കടകൾ രാത്രി 10ന് അടയ്ക്കണം. അനാവശ്യയാത്രകൾ അനുവദിക്കില്ല. വാഹനപരിശോധന ശക്തമാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
പുതുവത്സരാഘോഷങ്ങൾ ഡിസംബർ 31ന് രാത്രി 10നു ശേഷം അനുവദിക്കില്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്‌റ്ററന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിൽ 50 ശതമാനം ആളുകൾക്കു മാത്രമായിരിക്കും പ്രവേശനം. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പാർക്കുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ജില്ലാ കലക്ടർമാർ മതിയായ അളവിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേട്ടുകളെ വിന്യസിക്കും. കൂടുതൽ പൊലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി വിന്യസിക്കും.
ഒമിക്രോൺ ഇൻഡോർ സ്‌ഥലങ്ങളിൽ വേഗം പടരാനുള്ള സാധ്യത കണക്കിലെടുത്തു ഇൻഡോർ വേദികളിൽ ആവശ്യത്തിന് വായുസഞ്ചാരം സംഘാടകർ ഉറപ്പുവരുത്തണം. സംസ്‌ഥാനത്ത് ആകെ 57 ഒമിക്രോൺ ബാധിതരാണ് ഉള്ളത്. ഒമിക്രോൺ വൈറസ് ബാധ തടയുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പിലാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.ഇക്കാര്യത്തിൽ എല്ലാവരുടെയും സഹകരണം മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.