25.8 C
Kollam
Wednesday, September 18, 2024
HomeNewsടി20 ലോകകപ്പിലെ ആദ്യ മത്സരം; പാകിസ്താനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം

ടി20 ലോകകപ്പിലെ ആദ്യ മത്സരം; പാകിസ്താനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. 4 വിക്കറ്റിനാണ് പാകിസ്താനെ ഇന്ത്യ കീഴടക്കിയത്. പാകിസ്താന്‍ മുന്നോട്ടുവച്ച 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ അവസാന പന്തില്‍ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കണ്ടു. 53 പന്തില്‍ 82 റണ്‍സെടുത്ത് പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. പാകിസ്താനു വേണ്ടി ഹാരിസ് റൗഫും മുഹമ്മദ് നവാസും 2 വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. പാക് പേസര്‍മാര്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ ഇന്ത്യന്‍ ടോപ്പ് ഓര്‍ഡറിന് മറുപടി ഉണ്ടായില്ല. 6.1 ഓവറില്‍ ഇന്ത്യക്ക് നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ലോകേഷ് രാഹുല്‍ (4) നസീം ഷാ എറിഞ്ഞ രണ്ടാം ഓവറില്‍ പ്ലെയ്ഡ് ഓണ്‍ ആയപ്പോള്‍ രോഹിത് ശര്‍മ (4) ഹാരിസ് റൗഫ് എറിഞ്ഞ നാലാം ഓവറില്‍ ഇഫ്തിക്കാര്‍ അഹ്മദിന്റെ കൈകളില്‍ അവസാനിച്ചു. നന്നായി തുടങ്ങിയ സൂര്യകുമാര്‍ യാദവിനെയും ഹാരിസ് റൗഫ് ആണ് പുറത്താക്കിയത്. 10 പന്തുകളില്‍ 15 റണ്‍സെടുത്ത സൂര്യ മുഹമ്മദ് റിസ്വാന് ക്യാച്ച് സമ്മാനിച്ച് മടങ്ങുകയായിരുന്നു.

അഞ്ചാം നമ്പറിലെത്തിയ അക്‌സര്‍ പട്ടേല്‍ (2) റണ്ണൗട്ടായി.അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വിരാട് കോലിയും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന കൂട്ടുകെട്ടാണ് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. സാവധാനം ആരംഭിച്ച വിരാട് കോലിയും ഹാര്‍ദിക് പാണ്ഡ്യയും മുഹമ്മദ് നവാസ് എറിഞ്ഞ 12ആം ഓവറില്‍ 3 സിക്‌സര്‍ അടക്കം 20 റണ്‍സ് അടിച്ച് ട്രാക്കിലെത്തി. എന്നാല്‍, അവസാന ഓവറുകളില്‍ തകര്‍ത്തെറിഞ്ഞ ഹാരിസ് റൗഫ് അടക്കമുള്ള പാക് പേസര്‍മാര്‍ ഇന്ത്യയെ നിയന്ത്രിച്ചുനിര്‍ത്തി. ഇതിനിടെ 43 പന്തുകളില്‍ കോലി ഫിഫ്റ്റി തികച്ചു.

ഷഹീന്‍ അഫ്രീദി എറിഞ്ഞ 18ആം ഓവറില്‍ 3 ബൗണ്ടറികള്‍ അടക്കം 17 റണ്‍സ് നേടിയ കോലി ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍, ഹാര്‍ദികിന് കൂറ്റന്‍ ഷോട്ടുകള്‍ കളിക്കാനായില്ല. ഹാരിസ് റൗഫ് എറിഞ്ഞ 19ആം ഓവറില്‍ കോലി നേടിയ രണ്ട് സിക്‌സറുകള്‍ സഹിതം 15 റണ്‍സ് നേടിയ ഇന്ത്യ അവസാന ഓവറിലെ വിജയലക്ഷ്യം 16 ആക്കി. മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ (37 പന്തില്‍ 40) ബാബര്‍ അസം പിടികൂടി. കോലിയുമൊത്ത് 113 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടുയര്‍ത്തിയ ശേഷമാണ് ഹാര്‍ദിക് മടങ്ങിയത്.

- Advertisment -

Most Popular

- Advertisement -

Recent Comments